കുപ്പായത്തില്‍ സിനിമ തെളിയും കാലം .................


                           തിരക്കേറിയ ഒരു നഗരക്കവലയിലൂടെ രാത്രിയില്‍ കടന്നുപോകുന്നതായി കരുതുക. അപ്പോള്‍ കവലയുടെ ഒരു ഭാഗത്തു നില്‍ക്കുന്ന ആളുടെ കുപ്പായത്തില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമ തെളിയുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ.
വല്ലാത്ത കാഴ്ചയായിരിക്കുമല്ലേ അത്. വിവിധ ക്യാമ്പയിനുകള്‍ക്കും പ്രചാരണങ്ങള്‍ക്കും വളരെ സഹായകമാകും അത്തരമൊരു സങ്കേതം.

                   ഭാവിയില്‍ സാങ്കേതികലോകത്ത് സംഭവിച്ചേക്കാവുന്ന ഒന്നായി ഇക്കാര്യം വിലയിരുത്താന്‍ വരട്ടെ. ഇത്തരമൊരു സംഗതിയെ അനുസ്മരിപ്പിക്കുന്ന സങ്കേതം മാസങ്ങള്‍ക്കകം രംഗത്തെത്തുമെന്ന്, ഓപ്പണ്‍ സോഴ്‌സ് ഹാര്‍ഡ്‌വേര്‍ നിര്‍മാതാവായ അഡാഫ്രൂട്ട് ഇന്‍ഡസ്ട്രീസ് പറയുന്നു.

              ഫ് ളോറ (Flora)
എന്ന പേരില്‍ അഡാഫ്രൂട്ട് കമ്പനി പുറത്തിറക്കിയ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം, വസ്ത്രത്തിന്റെ ഭാഗമായി ശരീരത്തില്‍ ധരിക്കാന്‍ കഴിയുന്ന ഒന്നാണ്. നൂറുകണക്കിന് (ഒരുപക്ഷേ, നാളെ ആയിരക്കണക്കിന്) എല്‍ഇഡി 'പിക്‌സലുകള്‍' വസ്ത്രത്തില്‍ നിരകളായി ക്രമീകരിക്കാന്‍ ഈ പ്ലാറ്റ്‌ഫോം സഹായിക്കും.

                  ഫ് ളോറ നിലവില്‍ പരീക്ഷണഘട്ടത്തിലാണ്. പരസ്പരബന്ധിതമായ 500 പിക്‌സലുകളാണ് ഇപ്പോഴത്തെ ഇതിന്റെ ശേഷി. ഓപ്പണ്‍ സോഴ്‌സ് ഹാര്‍ഡ്‌വേര്‍ ആയതിനാല്‍ ആളുകള്‍ക്ക് ഓരോ സാഹചര്യങ്ങള്‍ക്കനുസരിച്ച് അത് പരിഷ്‌ക്കരിക്കാനാകും.

                    1.75 ഇഞ്ച് വ്യാസമുള്ള ഫ് ളോറ ബോര്‍ഡാണ് ഈ സംവിധാനത്തിന്റെ നട്ടെല്ല്. അവിടെ നിന്ന് എല്‍ഇഡികള്‍ കൂടുതലായി ചേര്‍ക്കാന്‍ സാധിക്കും. സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ നൂലുകളും ഈ പാക്കേജില്‍ ഉണ്ട്.

                   ബില്‍ട്ട് ഇന്‍ യുഎസ്ബി പിന്തുണ ഈ സംവിധാനത്തിനുണ്ടെന്ന് അഡാഫ്രൂട്ട് പറയുന്നു. മാക്, വിന്‍ഡോസ്, ലിനക്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഇത് പ്രവര്‍ത്തിക്കുകയും ചെയ്യും. യുഎസ്ബി എച്ച്‌ഐഡി (HID) പിന്തുണയും ഈ സംവിധാനത്തിനുള്ളതിനാല്‍, ഇതിന് ഒരു മൗസോ, കീബോര്‍ഡോ ഒക്കെയായി പ്രവര്‍ത്തിക്കാനാകും. സെല്‍ഫോണുകളുമായി നേരിട്ട് ഘടിപ്പിക്കുകയുമാകാം.

No comments:

Post a Comment