മൃഗങ്ങളിലെ ആന്റിബയോട്ടിക് ഉപയോഗം മനുഷ്യരെ ബാധിക്കുന്നു





                     ആന്റി ബയോട്ടിക് പ്രതിരോധം വൈദ്യശാസ്ത്രരംഗത്ത് ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. അടുത്തിടെ പുറത്തുവന്ന കണക്കുപ്രകാരം അമേരിക്കയില്‍ വിറ്റഴിയുന്ന ആന്റി ബയോട്ടിക്കുകളില്‍ 20ശതമാനം മാത്രമേ മനുഷ്യരെ ചികിത്സിക്കാനായി ഉപയോഗിക്കുന്നുള്ളൂ. ബാക്കിയുള്ളവ കാലികള്‍ക്കും കോഴികള്‍ക്കും നല്‍കുന്നു. ഇവയില്‍ ടെട്രാസൈക്ലിന്‍ പ്രതിവര്‍ഷം 40 ലക്ഷം കിലോഗ്രാമാണ് മൃഗങ്ങളില്‍ ഉപയോഗിക്കുന്നത്. പെന്‍സിലിന്‍ ആറു കി. ഗ്രാമും. പകര്‍ച്ചവ്യാധികളില്‍നിന്ന് കാലികളെയും കോഴികളെയും രക്ഷിക്കാനും വേഗത്തില്‍വളരാനുമാണ് ആന്റി ബയോട്ടിക്കുകള്‍ ഇത്ര വ്യാപകമായി മൃഗങ്ങള്‍ക്ക് നല്‍കുന്നത്.

                       1950 കളിലാണ് കര്‍ഷകര്‍ വ്യാപകമായി മൃഗങ്ങള്‍ക്ക് ആന്റി ബയോട്ടിക് നല്‍കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ കുറേക്കാലത്തിനുശേഷമാണ് ഈ രീതി പിന്തുടരാന്‍ തുടങ്ങയിത്. എന്നാല്‍ അമേരിക്കയില്‍ എഫ്.ഡി.എ. (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) യെപ്പോലുള്ള ഒരു സര്‍ക്കാര്‍ സംവിധാനം നിരന്തരമായി ഇക്കാര്യം നിരീക്ഷിക്കാനും മുന്നറിയിപ്പ് നല്‍കാനുമുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ഇങ്ങനെ ഫലപ്രദമായൊരു സംവിധാനമില്ല.

                                  1977-ല്‍ എഫ്.ഡി.എ. മൃഗങ്ങളിലെ അനാവശ്യ ആന്റി ബയോട്ടിക് ഉപയോഗം അവസാനിപ്പിക്കേണ്ടതാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനിയും ഇതുതുടര്‍ന്നാല്‍ അത് തീന്‍മേശയിലെ ദുരന്തമാകുമെന്നായിരുന്നു ഉപദേശം. കഴിഞ്ഞദിവസം നല്‍കിയ മറ്റൊരു നിര്‍ദേശത്തില്‍ രോഗം വരുന്നത് തടയാന്‍ ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്നത് നിരുത്സാഹപ്പെടുത്തണമെന്നായിരുന്നു മുന്നറിയിപ്പ്.

                                ശക്തിയുള്ളവന്‍ അതിജീവിക്കുമെന്ന സിദ്ധാന്തമാണ് ആന്റി ബയോട്ടിക് പ്രതിരോധത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്ടീരിയയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളെയാണ് ആന്റി ബയോട്ടിക് തകര്‍ക്കുന്നത്. ഇതോടെ അവ നശിക്കുകയും അതുവഴി പെരുകുന്നത് തടയുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം മരുന്നുകളെ പ്രതിരോധിക്കുന്നവ അസാധ്യമാംവിധം പെറ്റുപെരുകുകയും അത്തരം ഇനങ്ങളുടെ വന്‍സംഘത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു.

                                    ഇക്കാരണത്താലാണ് ആന്റി ബയോട്ടിക് പ്രതിരോധം ലോകമെമ്പാടും ഒരു ആരോഗ്യപ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നത്. ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിനേടിയ ബാക്ടീരിയകള്‍ ജനങ്ങളെ ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിക്കും. ഇത് ചികിത്സിച്ച് ഭേദമാക്കാനും ബുദ്ധിമുട്ടാകും. അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയാണ് ആന്റി ബയോട്ടിക് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യരംഗത്തുവരുന്ന അധികച്ചെലവ്.

                                          മൃഗങ്ങളുടെ തീറ്റയിലും വെള്ളത്തിലും കലര്‍ത്തിയാണ് ആന്റി ബയോട്ടിക്കുകള്‍ കൊടുക്കുന്നത്. ഇതിനെ എതിര്‍ക്കുന്നവര്‍ മൃഗങ്ങളില്‍ മരുന്നിനെ പ്രതിരോധിച്ചു മുന്നേറുന്നു . ബാക്ടീരിയകള്‍ മനുഷ്യനിലും വ്യാപകമാകുന്നതായി ചൂണ്ടിക്കാണിക്കുന്നു. സാല്‍മൊനെല്ല, സ്റ്റഫൈലോകോക്കസ് ബാക്ടീരിയകള്‍ മനുഷ്യനില്‍ വ്യാപകമാകുന്നത് ഇതിനുദാഹരണമാണ്. കാമ്പിലോബാക്ടര്‍ സമാനമായ മറ്റൊരു ബാക്ടീരിയയാണ്. ഇറച്ചി തിന്നുമ്പോള്‍ മാത്രമല്ല ഫാമുകളില്‍ ജോലിചെയ്യുമ്പോഴും ഇത്തരം ബാക്ടീരിയകള്‍ പകരുമെന്നാണ് കണ്ടെത്തല്‍.


                       ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളില്‍ മാംസഭക്ഷണം, അതും ഫാമുകളില്‍ നിന്നെത്തുന്നവ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന കാലമാണിത്.
എന്നാല്‍ ഇവയുടെ ഗുണനിലവാരം പരിശോധിക്കാനോ, ഫാമുകളെ നിരീക്ഷിക്കാനോ ഫലപ്രദമായ ഒരു സംവിധാനവുമില്ല. ഉള്ള സംവിധാനങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങളോ വേണ്ടത്ര ജീവനക്കാരോ ഇല്ല. ഇക്കാര്യത്തില്‍ ഗൗരവമുള്ള ഒരു സമീപനം അധികൃതര്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ ആരോഗ്യരംഗത്തും അതുവഴി സാമ്പത്തികരംഗത്തും കനത്ത പ്രത്യാഘാതമുണ്ടായേക്കും.

1 comment: